ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

അതിപുരാതനമായ തെക്കുംകൂര്‍ വടക്കുംകൂര്‍ ജനാധിപത്യത്തിന്‍റെ നില നില്‍ക്കുന്ന അവശിഷ്ടമായ കോട്ട 100 ലിങ്ക്സ് (1 ചങ്ങല) വീതിയില്‍ കൊച്ചി മുതല്‍ പാണ്ടി വരെ നീണ്ടു കിടക്കുന്നു. ഈ കോട്ട 8 കിലോമീറ്ററോളം നീളത്തില്‍ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. ഏറെ പഴക്കമുള്ള തറവാട്ടുകാര്‍ ഒത്തിണങ്ങി കഴിഞ്ഞ പ്രദേശമാണ് പഞ്ചായത്തിന്‍റേത്. കുടിയേറ്റമേഖലയായ ഈ പഞ്ചായത്തില്‍ 1680-ല്‍ ജനവാസമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. പലകുടുംബങ്ങളും സ്ഥലനാമങ്ങളില്‍ നിന്നാണ് വീട്ടുപേര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പഞ്ചായത്തില്‍ നാഗപ്പുഴ കരയിലാണ് വിദ്യാഭ്യാസ സ്ഥാപനം ഉടലെടുത്തത് എന്നാണ് ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. തുടര്‍ന്ന് കല്ലൂര്‍ക്കാട്, കലൂര്‍, തഴുവംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ക്രിസ്ത്യന്‍ പള്ളികളുമായി ബന്ധപ്പെട്ടാണ് ഈ പഞ്ചായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടലെടുത്തത്. ആശാന്‍ കളരികളില്‍ നിന്നാണ് ഈ പഞ്ചായത്തില്‍ വിദ്യാഭ്യാസ രംഗം ആരംഭിക്കുന്നത്. അത് പിന്നീട് കുടിപ്പള്ളിക്കൂടങ്ങളായി രൂപം പ്രാപിക്കുകയും ചെയ്തു. 1792-ല്‍ നാകപ്പുഴ ഒരു ഓല മേഞ്ഞ ആരാധനാലയം-സെന്‍റ് മേരീസ് ചര്‍ച്ച്-പണി കഴിപ്പിച്ചുവെന്നും അന്ന് പരിസര പ്രദേശത്ത് ആശാന്‍ കളരികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവിടെ സൂക്ഷിച്ചിട്ടുള്ള താളിയോല ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. ഈ കളരികളില്‍ പഠിപ്പിച്ചിരുന്ന ആശാന്മാര്‍ക്ക് പള്ളിതന്നെ ചെലവു വഹിച്ചിരുന്നു. ജാതിമത ഭേദമില്ലാതെ സര്‍വ്വര്‍ക്കും വിദ്യ നല്‍കിയിരുന്നു. മിക്കവാറും ആണ്‍കുട്ടികളാണ് വിദ്യനേടി പുറത്തു പോയിരുന്നത് എന്ന സത്യവും ആദ്യകാല ചരിത്രം സാക്ഷ്യപെടുത്തുന്നു. നാകപ്പുഴക്കരയില്‍ അന്ന് ഒരു വൈദിക സെമിനാരി ഉണ്ടായിരുന്നതായും ഏഴാനിക്കാട് റവ:യാക്കോബ് മല്പാന്‍ സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നതായും പള്ളി രേഖകളില്‍ കാണുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നാകപ്പുഴയെപ്പോലെ മുന്‍കൈ എടുത്ത കരകളാണ് കലൂരും (വേളൂര്‍ക്കര) കല്ലൂര്‍ക്കാടും. ഇവിടങ്ങളിലും ആരാധനാലയങ്ങളോട് ചേര്‍ന്ന് കുടിപ്പള്ളിക്കൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1906-ല്‍ കല്ലൂര്‍ക്കാട്ടും 1912-ല്‍ നാകപ്പുഴയിലും 1922-ല്‍ വേളൂര്‍ക്കരയിലും അംഗീകൃതമായ വിദ്യാലയങ്ങള്‍ നിലവില്‍ വന്നു. ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഉയര്‍ന്ന ക്ളാസുകളിലെ പഠനാവശ്യത്തിനായി പഞ്ചായത്തിന് പുറത്ത് പോകണമായിരുന്നു. പഞ്ചായത്തിന്റെ ഉള്ളില്‍ തന്നെ പത്താംതരം പഠിത്തം സാധ്യമായത് 1951-ല്‍ ഐ.എം.എച്ച്.എസ് കലൂരും 1957-ല്‍ എസ്.എ.എച്ച്.എസ് കല്ലൂര്‍ക്കാട്ടും 1982-ല്‍ എസ്.എം.എച്ച്.എസ് നാഗപ്പുഴയിലും ഹൈസ്ക്കൂളുകള്‍ തുടങ്ങിയപ്പോഴാണ്. ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട ജനങ്ങള്‍ അധികമായി അധിവസിക്കുന്ന കല്ലൂര്‍ക്കാട് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം പ്രസ്തുത മതങ്ങളുടെ സങ്കര സംസ്ക്കാരമാണ് നിലനില്‍ക്കുന്നത്. ഹിന്ദുമതത്തിന്റെ ആചാരങ്ങളില്‍ അനുകരണീയമായവയെ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും ക്രിസ്തുമത വിശ്വാസികളും, ക്രിസ്തുമത ആചാരങ്ങളില്‍ സ്വീകാര്യമായവയെ അംഗീകരിച്ച് മാനിക്കുന്നതിന് ഹിന്ദുക്കളും തയ്യാറായത് മൂലം ഈ പഞ്ചായത്തിലെ ജനസമൂഹത്തിന് വളരെ ഉയര്‍ന്ന സാംസ്കാരിക നിലവാരമാണുള്ളത് എന്ന് ഇത് തറപ്പിച്ചു പറയാം. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ നാഗപ്പുഴ സെന്റ് മേരീസ് ദേവാലയം കേരളത്തിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ്. നാനാജാതി മതസ്ഥരായ ലക്ഷകണക്കിനു വിശ്വാസികളാണ് സെപ്തംബര്‍ 1 മുതല്‍ 15 വരെ നടക്കുന്ന തിരുനാളിനായി എത്തിചേരുന്നത്. പ്രധാന ഹിന്ദുക്ഷേത്രങ്ങള്‍ കല്ലൂര്‍ക്കാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, കല്ലൂര്‍ക്കാട് ദേവീക്ഷേത്രം, നാഗപ്പുഴ ശാന്തുകാട് ദേവീ ക്ഷേത്രം എന്നിവയാണ്. ഇവയും അതിപുരാതനങ്ങളാണ്. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ജാതിമതഭേദമെന്യേ ജനങ്ങള്‍ ഉത്സാഹപൂര്‍വ്വം സംബന്ധിക്കുന്നു. എറണാകുളം ജില്ലയിലെ ഏറ്റവും നല്ല ലൈബ്രറി ഈ പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ കോസ്മോ പൊളിറ്റിന്‍ റീഡിംഗ് ക്ളബ് ആന്റ് ലൈബ്രറിയാണ്.